തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ (CBT) ഈമാസം 17 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും , ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഷാര്‍ജ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി ആകെ 152 കേന്ദ്രങ്ങളിൽ നടക്കും.
എൻജിനിയറിംഗ് കോഴ്സിന് 1,08,409 വിദ്യാർഥികളും ഫാർമസി കോഴ്സിന് 39,737 വിദ്യാർഥികളും പ്രവേശനപരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. എൻജിനിയറിംഗ് പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് നടക്കുക.
ഫാര്‍മസി പരീക്ഷ 18 മുതൽ 20 വരെ രാവിലെ 10 മുതല്‍ 11.30 വരെയാണ് നടക്കുക. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപനമേധാവി/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതണം.
പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കു അഡ്മിറ്റ് കാർഡുകൾ പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ/കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ഫാർമസി കോളജുകളിലേക്കുള്ള പ്രവേശനം കീം 2026 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനമാത്തിലാണ് നടത്തുന്നത്.
സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളജുകളെയും സ്വകാര്യ കംപ്യൂട്ടർ ലാബുകളെയുമാണ് പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പരീക്ഷ നടക്കുന്നത്. പോലീസ്, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ്, കെഎസ്ആർടിസി തുടങ്ങിയ എല്ലാ വകുപ്പുകളുടെയും സഹായം പ്രവേശന പരീക്ഷ നടത്തുന്നതിനായി അഭ്യർഥിച്ചിട്ടുണ്ട്.